കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്നു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്. കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്നു ഇവര്‍. കണ്ണൂര്‍ ഭാഗത്തുനിന്നു വന്ന ട്രെയിന്‍ മൂന്നു പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍പ്പെട്ടയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ട് കടന്നു; പരിക്കേറ്റയാള്‍ മരിച്ചു
തിരുവനന്തപുരം വെള്ളറടയില്‍ ബൈക്കിടിച്ച് പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു യാത്രികര്‍ കടന്നു. പരിക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയോടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. റോഡില്‍ സുരേഷ് ബൈക്ക് ഇടിച്ച് വീഴുന്നതിന്റെയും രണ്ട് പേര്‍ സുരേഷിനെ മുറിയിലാക്കുന്നതിന്റെയും CCTV ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കോട്ടയത്ത് വാഹനാപകടം; ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്
MC റോഡിൽ കൂത്താട്ടുകുളത്താണ് അപകടം ഉണ്ടായത്. റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും, ട്രാവലറും, KSRTC യും അതിന്റെ പിന്നിലായി കാറും വന്നിടിക്കുകയായിരുന്നു. KSRTC ബസ്, ട്രാവലര്‍, കാര്‍ എന്നിവയിലുണ്ടായിരുന്ന ആളുകള്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. 35 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു യുവതിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ 34 പേര്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സിക്കീമില്‍ വാഹനാപകടത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു
സിക്കീമില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് നാല് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സിക്കീമിലെ റെനോക്ക് റോംഗ്ലി സംസ്ഥാന പാതയില്‍ ദലോപ്ചന്ദ് ദാരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. പശ്ചിമ ബംഗാളിലെ പെഡോംഗില്‍ നിന്ന് സിക്കീമിലെ പാക്യോങ് ജില്ലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ബംഗാളിലെ ബിനാഗുരിയിലെ എന്റൗട്ട് മിഷന്‍ കമാന്‍ഡ് യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്.
അമേരിക്കയിലെ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
ടെക്‌സാസിലുണ്ടായ വാഹനാപകടത്തില്‍ ഒരു യുവതി അടക്കം നാല് ഇന്ത്യാക്കാരാണ് മരിച്ചത്. ഒരു കാര്‍പൂളിംഗ് ആപ്പ് വഴി ഒരുമിച്ച് യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാമധ്യേയാണ് അപകടം ഉണ്ടായത്. ആര്യന്‍ രഘുനാഥ്, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാര്‍ള, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന SUVയില്‍ തീപിടിക്കുകയായിരുന്നു. ആര്യന്‍ രഘുനാഥും ഫാറൂഖ് ഷെയ്ക്കും ഹൈദരാബാദ് സ്വദേശികളാണ്. ദര്‍ശിനി വാസുദേവന്‍ തമിഴ്നാട് സ്വദേശിയാണ്.
നേപ്പാളില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞു
നേപ്പാളില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേപ്പാളിലെ തനാഹുന്‍ ജില്ലയിലാണ് സംഭവം. 40 യാത്രക്കാരുമായി പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
UP യിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 10 പേർ മരിച്ചു
ഉത്തർപ്രദേശിലെ ബുലന്ത്ഷഹറിൽ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. 37 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു
വയനാട്ടിലെ ദുരന്തസ്ഥലത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രി വീണാ ജോർജ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. മലപ്പുറം മഞ്ചേരിയിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മന്ത്രിയുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മന്ത്രിയുടെ തലക്കും കൈക്കും ചെറുതായി പരിക്കേറ്റതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിനിമാ ചിത്രീകരണത്തിനിടെ അപകടം; നടന്‍ അര്‍ജുന്‍ അശോകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. നടന്മാരായ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചി എംജി റോഡില്‍ വെച്ചു പുലര്‍ച്ചെ 1.45നായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട കാര്‍ ബൈക്കുകളിലും തട്ടി. ബൈക്കുകള്‍ക്കും കേടുപാടുണ്ട്.
കുവൈത്തില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ടു മലയാളികളുള്‍പ്പെടെ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ കുവൈത്തിലെ സെവന്‍ത് റിങ് റോഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന തൊഴിലാളികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.