വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 12ന് ശേഷം വിസ്താരയുടെ മുഴുവന്‍ വിമാനങ്ങളുടെയും ബുക്കിങ് എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴിയാകും നടത്തുക. ലയനത്തിന്റെ ഭാഗമായുള്ള വിദേശ നിക്ഷേപത്തിന് (FDI) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. ലയനം ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട യാത്രാ അനുഭവവും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
യോഗ്യതയില്ലാത്ത പൈലറ്റുമാര്‍; എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ
മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ കൊണ്ട് സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി DGCA. വീഴ്ചയുടെ പേരില്‍ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍, ട്രെയിനിംഗ് ഡയറക്ടര്‍ എന്നിവര്‍ക്ക് യഥാക്രമം ആറ്, മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് DGCA വ്യക്തമാക്കി. ജൂലൈ 10ന് എയര്‍ലൈന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ നിന്ന്
മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിമാനത്തിനുള്ളിലെ ടിഷ്യു പേപ്പറിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിക്കുകയും വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരിൽ ആരെങ്കിലുമാണോ സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതിനാൽ വിമാനത്തിലുണ്ടായിരുന്ന 135 യാത്രക്കാരെയും ചോദ്യം ചെയ്യും.
കൊച്ചിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു
കൊച്ചിയില്‍ നിന്നും ബഹ്‌റൈനിലേക്ക് രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ (IX 471) വിമാനമാണ് വൈകുന്നത്. 9 മണിക്കൂര്‍ വൈകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാവിലെ 10.45ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 6.30ന് പുറപ്പെടുമെന്നാണ് കമ്പനി യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. വിമാനം വൈകിയതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്. റണ്‍വേ അറ്റകുറ്റപണി കാരണമാണ് യാത്ര വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയത്. ടിക്കറ്റെടുത്ത എല്ലാ യാത്രക്കാര്‍ക്കും മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് എയര്‍ ഇന്ത്യ ആഴ്ചയില്‍ നാലു സര്‍വീസുകളാണ് നടത്തുന്നത്.
ബംഗ്ലാദേശ് സംഘര്‍ഷം; 205 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു
ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ നിന്ന് 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. ധാക്കയില്‍ നിന്ന് എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഇന്ന് മുതല്‍ ഡല്‍ഹിയില്‍ നിന്ന് ധാക്കയിലേക്ക് രണ്ട് പ്രതിദിന വിമാന സര്‍വീസുകളും എയര്‍ഇന്ത്യ ആരംഭിക്കും. അതേസമയം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതിന് ശേഷവും രാജ്യത്ത് കലാപം തുടരുകയാണ്. ബംഗ്ലാദേശിലെ ജഷോറില്‍ പ്രതിഷേധക്കാര്‍ സബീര്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിന് തീയിട്ടതിനെ തുടര്‍ന്ന് 24 പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രായേലിലേക്കുളള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഓഗസ്റ്റ് 8 വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഈ കാലയളവില്‍ ബുക്കിംഗ് സ്ഥിരീകരിച്ച യാത്രക്കാര്‍ക്ക് റീഷെഡ്യൂള്‍ ചെയ്യുന്നതിനും റദ്ദാക്കുന്നതിനും ഇളവ് നല്‍കുന്നതാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
വിമാനം 30 മണിക്കൂർ വൈകി: യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് എയർ ഇന്ത്യ
ഡൽഹിയിൽ നിന്ന് US ലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് 30 മണിക്കൂർ വൈകിയത്. സംഭവത്തിൽ ക്ഷമാപണം നടത്തിയ എയർ ഇന്ത്യ ടീം യാത്രക്കാർക്ക് യാത്രാനിരക്ക് പൂർണ്ണമായും തിരികെ നൽകുമെന്നും എയർലൈനുമായുള്ള ഭാവി യാത്രയ്ക്ക് വൗച്ചർ നൽകുമെന്നും അറിയിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടതോടെയാണ് വിമാനം വൈകിയത്.
ദുബായിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം റദ്ദാക്കി
ഇന്ന് രാവിലെ 11ന് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പകരം സംവിധാനമാവശ്യപ്പെട്ട് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചതോടെ ഏതാനും പേരെ മറ്റു ചില വിമാനങ്ങളിലേക്ക് റീ ഷെഡ്യൂള്‍ ചെയ്യുകയും മറ്റുള്ള യാത്രക്കാരെ താല്‍കാലികമായി ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാട്ടിലെത്തിക്കാന്‍ മറ്റൊരു സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ
നവാര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന ബോയിങ് 777 യാത്രാ വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യയോട് വിശദീകരണം തേടി. ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് അസൗകര്യം ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് DGCA വിശദീകരണം ചോദിച്ചത്. എന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.