ബംഗ്ലാദേശ് കലാപം; ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍ തുടങ്ങി ന്യൂനപക്ഷങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനവും ആക്രമണങ്ങളും ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ല. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്നും ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമതങ്ങള്‍ പിന്തുടരുന്ന ആളുകള്‍ക്ക് ഇടക്കാല സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും

വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തുന്ന ഇരുവരും ദുരിതാശ്വാസ ക്യാമ്പുകളും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളും സന്ദര്‍ശിക്കും. 12 മണിയോടെ ഇരുവരും കല്‍പ്പറ്റയില്‍ എത്തുമെന്നാണ് വിവരം. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഇറുവരുടെയും യാത്ര പ്രതികൂല കാലാവസ്ഥയെ മാറ്റിവെയ്ക്കുകയായിരുന്നു. മോശം കാലാവസ്ഥയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്ന അധികൃതരുടെ നിര്‍ദേശത്തിന് പിന്നാലെയാണ് യാത്ര റദ്ദാക്കിയത്.

രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും നാളെ വയനാട്ടിലെത്തും

ലോക്സഭാ പ്രതിപക്ഷ നേതാവും മുൻ വയനാട് MP യുമായ രാഹുൽ ഗാന്ധിയും AICC ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും ഇരുവരും സന്ദർശിക്കും. രാഹുലും പ്രിയങ്കയും ഇന്ന് വായനാട്ടിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു.

പ്രതികൂല കാലാവസ്ഥ; രാഹുൽ ഗാന്ധിയുടെ ഇന്നത്തെ വയനാട് സന്ദർശനം മാറ്റി

മോശം കാലാവസ്ഥയെ തുടർന്ന് ലോക്സഭാ പ്രതിപക്ഷനേതാവും മുൻ വയനാട് MP യുമായ രാഹുൽ ഗാന്ധിയുടെ ഇന്നത്തെ വയനാട് സന്ദർശനം മാറ്റിവെച്ചു. ഇന്ന് ഉച്ചയോടെ രാഹുൽ ദുരന്തമേഖലയിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാഹുലും പ്രിയങ്കയും മറ്റൊരു ദിവസം ജില്ലയിൽ സന്ദർശനം നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മമത ബാനർജി എത്തിയേക്കും

വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി എത്തിയേക്കും. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം കൊൽക്കത്തയിൽ വെച്ച് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയ്ക്കായി കേരളത്തില്‍ മമത ബാനർജി എത്തുമെന്ന റിപ്പോ‍ർട്ടുകള്‍ പുറത്ത് വരുന്നത്. എന്നാൽ മമത വയനാട്ടിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വയനാട്ടില്‍ പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കും: ടി. സിദ്ദിഖ്

വയനാട്ടിലേക്കുള്ള പ്രിയങ്കയുടെ വരവ് ഓരോ കുടുംബവും ആഘോഷമാക്കുമെന്നും രണ്ടാം ഇന്ദിരാ ഗാന്ധിയുടെ ജനനമാണ് പ്രിയങ്ക ഗാന്ധിയിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്നും ടി. സിദ്ദിഖ് MLA പറഞ്ഞു. പ്രിയങ്ക വയനാടുമായി ബന്ധപ്പെട്ട വികസന ചര്‍ച്ചകളില്‍ എല്ലാ മാസവും പങ്കെടുക്കുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ഉണ്ടാക്കിയ രാഷ്ട്രിയ തിരഞ്ഞെടുപ്പ് അടിത്തറയില്‍ ഊന്നിയാകും പ്രചാരണമെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ CPI മത്സരിക്കും: ബിനോയ് വിശ്വം

വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് സഹോദരി പ്രിയങ്ക ഗാന്ധി തൻ്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി വായനാട്ടിലെത്തുന്നത്. കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ഇടതുപക്ഷം മത്സരിച്ചില്ലെങ്കിൽ BJP ക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും

ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയാനും പകരം റായ്ബറേലി നിലനിർത്താനും തീരുമാനിച്ചു. രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട് സീറ്റിൽ പകരം പ്രിയങ്ക ഗാന്ധി മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

പ്രിയങ്ക വാരണാസിയിൽ മത്സരിച്ചിരുന്നെങ്കിൽ മോദി തോൽക്കുമായിരുന്നു: രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2-3 ലക്ഷം വോട്ടിന് മണ്ഡലത്തിൽ തോൽക്കുമായിരുന്നു എന്ന് രാഹുൽ ഗാന്ധി. റായ്ബറേലി, അമേഠി സീറ്റുകളിലെ പാർട്ടിയുടെ പ്രകടനത്തിന് വോട്ടർമാർക്ക് നന്ദി പറയാനായി റായ്ബറേലിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. 2014 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഉത്തർപ്രദേശിൽ BJP കാഴ്ചവെച്ചത്.

BJPക്കൊപ്പം നിന്ന് പിണറായിയും രാഹുലിനെ ആക്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി പത്തനംതിട്ടയില്‍ UDF സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിലാണ് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് BJPയുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണുള്ളതെന്നും ഒട്ടേറെ അഴിമതി ആരോപണം വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ലാത്തത് അത് കൊണ്ടാണെന്നും പ്രിയങ്ക വിമര്‍ശിച്ചു. ലൈഫ് മിഷന്‍, സ്വര്‍ണ്ണ കടത്ത് അടക്കമുള്ള അഴിമതികളില്‍ പെട്ട ആളാണ് പിണറായിയെന്നും പ്രിയങ്ക പറഞ്ഞു.