നടന്‍ സിദ്ദീഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്

യുവ നടിയെ പീഡിപ്പിച്ച കേസില്‍ കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദീഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ദേശാഭിമാനി ദിനപത്രത്തിലും മറ്റൊരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. സിദ്ദീഖിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ (9497996991), റേഞ്ച് DIG (9497998993), നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ (9497990002), മ്യൂസിയം പോലീസ് സ്റ്റേഷന്‍ (04712315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്.

ബലാത്സംഗക്കേസ്; സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സിദ്ദിഖ്

താരസംഘടനയായ അമ്മയും WCCയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്ന് നടന്‍ സിദ്ദിഖ്. സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടന്റെ വാദം. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയത്. സംഭവം നടന്ന് എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി എത്തിയതിലെ അസ്വാഭാവികതയും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ ഉയര്‍ത്തിക്കാട്ടുന്നു. അതേസമയം ഒളിവില്‍ പോയ സിദ്ദിഖിനെ പോലീസിന് ഇതുവരെ കണ്ടെത്തനായിട്ടില്ല.

ബലാത്സംഗക്കേസ്; സിദ്ദിഖിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ബലാത്സംഗക്കേസില്‍ ഒളിവിലുള്ള നടന്‍ സിദ്ദിഖിനെ കണ്ടെത്താനുളള തെരച്ചില്‍ തുടരുന്നു. സിദ്ദിഖിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും തെരച്ചില്‍ നോട്ടീസ് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. തമിഴ്‌നാട്, കര്‍ണാടക പത്രങ്ങളില്‍ സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിയിപ്പും അന്വേഷണസംഘത്തിന്റെ ഫോണ്‍ നമ്പറും പരസ്യമായി പ്രസിദ്ധീകരിക്കാന്‍ കൈമാറിയിട്ടുണ്ട്. റോഡ് മാര്‍ഗം കേരളത്തില്‍ നിന്നു രക്ഷപ്പെടാതിരിക്കാന്‍ അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനാ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ബലാത്സംഗ കേസ്; നടന്‍ ഇടവേള ബാബു അറസ്റ്റില്‍

ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. പത്തു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിനുശേഷം ഒരു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുളളതിനാല്‍ ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കും. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസുളളത്.

ബലാത്സംഗക്കേസ്; സിദ്ദിഖിനായി വ്യാപക തെരച്ചില്‍

ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പോലീസിന്റെ വ്യാപക തെരച്ചില്‍. തെരച്ചിലിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകളില്‍ പോലീസ് രാത്രി പരിശോധന നടത്തി. സിനിമാ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ഹൈക്കോടതി തീരുമാനത്തിനെതിരെ സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയേക്കും.

ലൈംഗികാതിക്രമ കേസ്: മുൻ‌കൂർ ജാമ്യത്തിനായി നടൻ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്

ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം തേടി നടൻ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുന്നത്. നാളെ ഹർജി നൽകിയേക്കും. മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുന്നതിന് മുന്നോടിയായി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനുമായി സിദ്ദിഖ് കൂടിയാലോചന നടത്തിയെന്നാണ് വിവരം. അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ഹർജി നൽകുക.

ബലാത്സംഗക്കേസ്: മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു

ബലാത്സംഗക്കേസില്‍ നടനും MLAയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേസില്‍ മുകേഷിന് നേരത്തേ എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. ഇന്ന് രാവിലെ തീരദേശ പോലീസിന്റെ ആസ്ഥാന ഓഫിസില്‍ AIG ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

തീരദേശ പോലീസിന്റെ ആസ്ഥാന ഓഫിസില്‍ AIG ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടനും MLAയുമായ മുകേഷിനെ ചോദ്യം ചെയ്യുന്നത്. സിനിമയില്‍ അവസരവും സിനിമാ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് മുകേഷിനെതിരെയുള്ള ആരോപണങ്ങള്‍. കേസില്‍ മുകേഷിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

സിദ്ദിഖിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഹര്‍ജി തള്ളിയതോടെ കേസില്‍ അറസ്റ്റ് നടപടി ഉള്‍പ്പടെ നേരിടേണ്ടി വന്നേക്കാം.

ജയസൂര്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

ലൈംഗികാതിക്രമക്കേസിൽ നടൻ ജയസൂര്യ നൽകിയ രണ്ട് മുൻ‌കൂർ ജാമ്യ ഹർജികളും ഹൈക്കോടതി തീർപ്പാക്കി. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു എന്നിവയാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. സംഭവം നടന്നു എന്ന് പറയുന്ന കാലയളവിൽ ഇത് ജാമ്യം കിട്ടാവുന്ന കുറ്റകൃത്യമായിരുന്നതിനാൽ മുൻകൂർ ജാമ്യം ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. 2012-13 കാലയളവിൽ 'പിഗ്മാൻ' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് കയറിപ്പിടിച്ചു എന്നാണ് നടി ജയസൂര്യക്കെതിരെ നൽകിയ പരാതി. 2008 ൽ ‘ദേ ഇങ്ങോട്ട്‌ നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയസൂര്യ കടന്നു പിടിച്ചു എന്നാണ് ആലുവ സ്വദേശിനിയെ നടി നൽകിയ പരാതി.