ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടം മെയ് 20ന്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം മെയ് 20 തിങ്കളാഴ്ച നടക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന വോട്ടെടുപ്പിൽ 695 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ബിഹാര്‍ (5 മണ്ഡലങ്ങള്‍), ജമ്മു കശ്‌മീര്‍ (1), ലഡാക്ക് (1), ഒഡീഷ (5), ജാര്‍ഖണ്ഡ് (3), പശ്ചിമ ബംഗാള്‍ (7), മഹാരാഷ്ട്ര (13), ഉത്തര്‍പ്രദേശ് (14) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശിലെ അമേഠി, റായ്‌ബറേലി എന്നിവയാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍. റായ്‌ബറേലിയിൽ രാഹുൽ ഗാന്ധിയും BJP യുടെ ദിനേശ് പ്രതാപ് സിംഗും തമ്മിലാണ് മത്സരം. അമേഠിയിൽ കോൺഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ്മയാണ് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ എതിർ സ്ഥാനാർത്ഥി.

ഐക്യൂ Z9x ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഐക്യൂവിന്റെ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണായ ഐക്യൂ Z9x ഇന്ത്യയിൽ അവതരിപ്പിച്ചു. മെയ് 21 മുതലാണ് വിൽപന ആരംഭിക്കുക. 4GB + 128GB, 6GB + 128GB, 8GB + 128GB എന്നീ മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളിൽ ലഭ്യമായ സ്മാർട്ട്ഫോണിന് യഥാക്രമം 12,999, 14,999, 15,999 രൂപയാണ് വില. ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 44W പിന്തുണയുള്ള 6000 mAh ബാറ്ററിയുള്ള ഫോണിൽ 50 MP പ്രൈമറി ക്യാമറയാണുള്ളത്.

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

മോട്ടറോള കഴിഞ്ഞ മാസം ആഗോളതലത്തിൽ അവതരിപ്പിച്ച എഡ്ജ് 50 സീരിസിലെ സ്മാർട്ട്ഫോണായ മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്സെറ്റ് ഉപയോഗിച്ചിരിക്കുന്ന സ്മാർട്ട്ഫോണിൽ 144Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ 10-ബിറ്റ് OLED എൻഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേയാണുള്ളത്. 8GB റാമും 128GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 22,999 രൂപയും 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപയുമാണ് വില. 68W ടർബോപവർ ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്.

തിരുവനന്തപുരത്ത് കനത്ത മഴ; വെള്ളക്കെട്ട്

തിരുവനന്തപുരം ജില്ലയിലെ നഗര പ്രദേശങ്ങളിലാണ് ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത്. നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരു മണിക്കൂറോളം മഴ പെയ്തപ്പോൾത്തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്തത്. അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം തുറക്കുമെന്നും മുന്നറിയിപ്പുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: ഡോക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ നാല് വയസുകാരിക്ക് ചികിത്സാപ്പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൈവിരൽ ശസ്ത്രക്രിയക്കെത്തിയ വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം ചികിത്സാ പിഴവ് സംബന്ധിച്ച് പോലീസിൽ പരാതി നൽകുമെന്ന് ശസ്ത്രക്രിയക്ക് വിധേയായ കുട്ടിയുടെ കുടുംബം അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ്: ഇതുവരെ 66.95 ശതമാനം പോളിംഗ് രേഖപ്പെടുത്തി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യ നാല് ഘട്ടങ്ങളിലായി 66.95 പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 45.1 കോടി ജനങ്ങളാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. നാലാം ഘട്ടത്തിൽ 69.16 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആദ്യ മൂന്ന് ഘട്ടങ്ങളിൽ 65.68%, 66.71%, 66.14% എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം.

പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

നിരണം പതിനൊന്നാം വാർഡിൽ നടത്തിയ പരിശോധനയിലാണ് താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ടു കർഷകരുടെ ആയിരത്തോളം വരുന്ന താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത് നേരത്തെ നിരണം പഞ്ചായത്ത് അഞ്ചാം വാർഡിൽ സർക്കാർ മേൽനോട്ടത്തിലുള്ള താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

കേരളത്തിൽ കാലവർഷം മെയ് 31 ഓടെ എത്തും

സംസ്ഥാനത്ത് കാലവർഷം മെയ് 31 ഓടെ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം മെയ്‌ 19 ഓടു കൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട് തുടർന്ന് മെയ് 31 ഓടെയാകും കേരളത്തിൽ എത്തുക. കേരളത്തിൽ എത്തിയ ശേഷം കാലവർഷം ജൂൺ 15 ഓടെ രാജ്യത്താകെ വ്യാപിക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: മന്ത്രി വീണാ ജോർജ് അടിയന്തര റിപ്പോർട്ട് തേടി

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരി ശസ്ത്രക്രിയ പിഴവ് നേരിട്ട സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർക്ക് നിര്‍ദേശം നൽകി. കൈവിരലിന്‍റെ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

സ്വാതിമാലിവാളിന് നേരെയുണ്ടായ അതിക്രമം: വനിത കമ്മീഷൻ വൈഭവ് കുമാറിനെ വിളിപ്പിച്ചു

AAP രാജ്യസഭ MP സ്വാതിമാലിവാളിനെ ആക്രമിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേർസണൽ സ്റ്റാഫ് അംഗം വൈഭവ് കുമാറിനോട് നാളെ രാവിലെ 11ന് NCW ഓഫീസിൽ ഹാജരാകണമെന്ന് വനിത കമ്മീഷൻ നിർദേശം നൽകി. തിങ്കളാഴ്ചയാണ് കെജ്‌രിവാളിനെ കാണാൻ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയ സ്വാതിയെ വൈഭവ് കുമാർ ആക്രമിച്ചത്. അതേസമയം വൈഭവ് ഇപ്പോഴും കെജ്‌രിവാളിനോടൊപ്പം തുടരുന്നതിനെ BJP വിമർശിച്ചിരുന്നു.